ക്രൈസ്റ്റ് ജെൻ മീഡിയ: ഒരു പരാജയത്തിന്റെ കഥ
രചന: റവ. ക്രിസ്റ്റഫർ ഷാബു YR
2010-ന്റെ പ്രാരംഭത്തിൽ, ജീവിതം പരാജയങ്ങളുടെയും പ്രതിസന്ധികളുടെയും കരിനിഴലിലായ നാളുകൾ. ആ വർഷം മെയ് മാസത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയിൽ നിന്നുള്ള എന്റെ രാജിയും, തുടർന്നുണ്ടായ വിലക്കുകളും എന്നെ ശൂന്യതയിലേക്ക് തള്ളിവിട്ടു. എന്നാൽ, ആ തകർച്ചയുടെ ആഴങ്ങളിൽ നിന്നാണ് പരാജയപ്പെടാൻ മനസ്സില്ലാത്ത ഒരു പുതിയ ആശയം എന്നിൽ ഉദിച്ചത്. ഒരു 'മൊബൈൽ മാനിയാക്' ആയ എനിക്ക്, സാങ്കേതികവിദ്യയെ സുവിശേഷ പ്രഘോഷണത്തിന്റെ ഉപാധിയാക്കുക എന്നത് സ്വാഭാവികമായ ഒരു ചിന്തയായിരുന്നു. അങ്ങനെയാണ് മൊബൈൽ സേവന ദാതാക്കൾ ഉപഭോക്താക്കളോട് സംവദിക്കാൻ ഉപയോഗിക്കുന്ന IVRS (Interactive Voice Response System) എന്ന പ്ലാറ്റ്‌ഫോമിൽ ഒരു ക്രിസ്ത്യൻ മീഡിയ മിനിസ്ട്രി എന്ന ആശയം ജന്മമെടുത്തത്.
2010 മെയ് മുതൽ ഓഗസ്റ്റ് വരെ, തകർന്ന ഒരു 'ഡോപോഡ്' (Dopod) വിൻഡോസ് മൊബൈൽ ഫോണിൽ പകലന്തിയോളം അധ്വാനിച്ചാണ് ആ ആശയത്തിന് ഞാൻ രൂപം നൽകിയത്. എന്റെ ആത്മമിത്രവും സെമിനാരി സഹപാഠിയുമായ ബിജു മാത്യു അച്ഛന്റെ ക്രിയാത്മകമായ നിർദ്ദേശങ്ങളും പിന്തുണയും ഈ യാത്രയിൽ കരുത്തായി. 'ക്രൈസ്റ്റ് ജെൻ മീഡിയ' (Christ Gen Media) എന്ന അർത്ഥവത്തായ പേര് നൽകിയതും അച്ഛനാണ്.
ഉദയ്പൂരിലെ NTS എന്ന IVRS കമ്പനിയെ സമീപിച്ച്, അങ്കിത് ഭാർഗവ, ഉത്തം പെഗു, പ്രഞ്ഞാൽ ശൈക്ക്യ എന്നിവരടങ്ങുന്ന ടീമിന്റെ സഹായത്തോടെ 2010 ഓഗസ്റ്റ് 1-ന് 'ക്രൈസ്റ്റ് ജെൻ മീഡിയ IVRS' ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഈ സിസ്റ്റം എങ്ങനെ പ്രവർത്തിക്കണം എന്നതിനായുള്ള 'കാൾ ഫ്ലോ സ്റ്റേറ്റ്‌മെന്റ്' (Call Flow Statement) എന്റെ പൊട്ടിയ ഫോണിൽ ഇരുന്നു ഞാൻ തയ്യാറാക്കിയത് ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞായിരുന്നു.
ജീവിതം തകർന്നുപോകരുത് എന്ന ആഗ്രഹത്തോടെ, ഈ സംരംഭം തുടങ്ങാനുള്ള സാമ്പത്തിക സഹായം പൂർണ്ണമായും നൽകിയത് എന്റെ മദർ ഇൻ ലോ (Mother-in-law) ആയിരുന്നു. അവരുടെ മഹാമനസ്കതയിലും സ്നേഹത്തിലുമാണ് ക്രൈസ്റ്റ് ജെൻ മീഡിയ എന്ന സ്വപ്നത്തിന് അടിത്തറ പാകിയത്. ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അവരുടെ ആ വലിയ മനസ്സിനെ ഞാൻ കൃതജ്ഞതയോടെ സ്മരിക്കുന്നു.
ഈ സംവിധാനത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ, ലളിതമായൊരു ഫോൺ കോളിലൂടെ 24 മണിക്കൂറും സമ്പൂർണ്ണ ഓഡിയോ ബൈബിൾ, ഗാനങ്ങൾ, ധ്യാനപ്രസംഗങ്ങൾ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും കേൾക്കാൻ സാധിക്കുമായിരുന്നു. ബൈബിളിന്റെ ഏതു ഭാഗവും ഇഷ്ടാനുസരണം സെലക്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടായിരുന്നു. അന്നത്തെ കാലത്ത് മീഡിയ സുവിശേഷ പ്രവർത്തനങ്ങളിൽ ഇതൊരു വിപ്ലവകരമായ മാറ്റമായിരുന്നു.
ആദ്യ ദിവസങ്ങളിൽ തന്നെ ആയിരക്കണക്കിന് ആളുകൾ ഈ സേവനം ഉപയോഗിച്ചു തുടങ്ങി. പവർവിഷൻ ചാനലിൽ പരസ്യവും നൽകി. എന്നാൽ, സ്വന്തമായി ഒരു ഓഫീസോ സ്ഥിരമായ വരുമാന മാർഗ്ഗമോ ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയായി. കൃത്യമായൊരു സബ്സ്ക്രിപ്ഷൻ സിസ്റ്റം നടപ്പിലാക്കാൻ സാധിക്കാതിരുന്നതും തിരിച്ചടിയായി. വിളിക്കുന്നവരുടെ എണ്ണം കൂടുന്തോറും ഓരോ മാസത്തെയും ബില്ല് ഭീമമായ തുകയായി വർദ്ധിച്ചു. ബിജു അച്ഛനെ കൂടാതെ,എന്റെ ട്വിൻ ബ്രദർ ഷാജു പാലിയോട്,റവ. സാം എമറാൾഡ്,Dr. സാം കടമ്മനിട്ട, പാസ്റ്റർ ഗോപി വെള്ളറട,ഡാലുമുഖത്തെ മറ്റൊരു പാസ്റ്റർ എന്നിവർ സഹായിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാമ്പത്തിക ബാധ്യതകളിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല.
പലതവണ നിർത്തിയും തുടങ്ങിയും 2012 വരെ ഞാൻ പോരാടി. ഒടുവിൽ 2012 ഏപ്രിലിൽ, ലോകത്തിലെ ആദ്യത്തെ റിലീജിയസ് IVRS എന്ന് വിളംബരം ചെയ്ത 'ക്രൈസ്റ്റ് ജെൻ മീഡിയ'യ്ക്ക് വിരാമമിടേണ്ടി വന്നു. ആ സംരംഭം പരാജയപ്പെട്ടെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് നവീനമായ വഴികൾ തേടിയ ഒരു പ്രയാണത്തിന്റെ ചരിത്രമായി 'ക്രൈസ്റ്റ് ജെൻ മീഡിയ' എന്റെ ഹൃദയത്തിൽ അവശേഷിക്കുന്നു.



Comments
Post a Comment