സഭാഭ്രഷ്ട്: പടിയിറക്കപ്പെട്ടവന്റെ അനുഭവങ്ങൾ
ആദ്യമായി 2008-ലാണ് ഒരു ദേവാലയത്തിന്റെ പടികളിൽ നിന്നും ഞാൻ പുറത്താക്കപ്പെടുന്നത്. രണ്ട് സഭാ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളുടെ നിഷ്കളങ്കനായ ഒരു ബലിയാട് (Scapegoat) മാത്രമായിരുന്നു അന്ന് ഞാൻ. ഞാൻ പട്ടക്കാരനായി ശുശ്രൂഷ ചെയ്തിരുന്ന ആ ഇടവകയിൽ, ഒരു ഞായറാഴ്ച പ്രഭാതത്തിൽ ആരാധനയ്ക്കായി എത്തിയപ്പോൾ കണ്ടത് പോലീസും പരിവാരങ്ങളും കൊണ്ട് നിറഞ്ഞ പള്ളി അങ്കണമാണ്. എന്റെ പള്ളിക്കുള്ളിൽ പ്രവേശിക്കാൻ തുനിഞ്ഞ എന്നെ പോലീസും മറ്റു പലരും ചേർന്ന് തടഞ്ഞു. ആരാധന എടുക്കാൻ അനുവദിക്കാതെ അവർ എന്നെ എന്റെ ഇടവകയിൽ നിന്നും പുറത്താക്കി. ഈ പ്രശ്നത്തിൽ പല പ്രാവശ്യം സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ മറുഭാഗത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ പട്ടക്കാരനും നിന്നിരുന്നു. എന്റെ പൗരോഹിത്യ സ്ഥാനത്തിന് (Ordination) വലിയ കാരണക്കാരനായിരുന്ന ഒരാൾ ആയിരുന്നു ആ പട്ടക്കാരൻ. പിന്നീട് ബിഷപ് ആയി മാറിയ ആ പട്ടക്കാരൻ എതിർ ഭാഗം ആയിരുന്നെങ്കിലും എപ്പോഴും കടപ്പാട് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. എങ്കിലും ആക്രോശത്തിന്റെയും കൂക്കുവിളികളുടെയും അകമ്പടിയോടെ ആ പള്ളിയുടെ പടികൾ ഞാൻ അന്ന് ഇറങ്ങി.ഒന്നാം പള്ളി ഭ്രഷ്ട് .
തുടർന്ന് 2010-ൽ, ജീവിതത്തിലെ കഠിനമായ പ്രതിസന്ധികൾക്കിടയിൽ ഞാൻ സഭാശുശ്രൂഷകളിൽ നിന്നും മാറി നിൽക്കുന്നു എന്ന് ഞാൻ എന്റെ സഭയെ അറിയിച്ചു, അതായത് രാജിവച്ചു. അങ്ങനെ എന്നെ സഭയിലെ ഒരു പള്ളിയിലും പ്രവേശിപ്പിക്കരുത് എന്ന സർക്കുലർ സഭയുടെ എല്ലാ ഇടവകകളിലും വായിക്കപ്പെട്ടു. പൗരോഹിത്യ ശുശ്രൂഷകൾക്ക് മാത്രമേ എനിക്ക് വിലക്കുള്ളൂ എന്നും ആരാധനയിൽ സംബന്ധിക്കാൻ തടസ്സമില്ലെന്നും കരുതി സഹപ്രവർത്തകനായ ഒരു സുവിശേഷകന്റെ പള്ളിയിൽ ഞാൻ ചെന്നു. എന്നാൽ അവിടെ നിന്നും 'ഇനി മേലിൽ ഇവിടെ വരരുത്' എന്ന ആജ്ഞയോടെ എന്നെ മടക്കി അയച്ചു. അതായിരുന്നു രണ്ടാമത്തെ അനുഭവം.
രാജിക്കത്ത് പിൻവലിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെട്ടതിനാൽ, താൽക്കാലികമായി മറ്റൊരു സഭയിൽ ഞാൻ ശുശ്രൂഷ ആരംഭിച്ചു. തമിഴ്നാട് കേന്ദ്രമായുള്ള ഒരു സഭയുടെ കേരളത്തിലെ ഒരു ശാഖാ ഇടവകയായിരുന്നു അത്. ആ ഇടവക കേരളത്തിലെ ഒരു പ്രമുഖ സഭയുമായി ലയിക്കാൻ (Merge) ശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ലയനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ ഒരാൾക്ക് മാരകമായി കുത്തേറ്റു, ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും, ചിലർ റിമാൻഡിലാവുകയും ചെയ്തു.ചില ആഴ്ചകൾക്ക് ശേഷം ഒരു ഞായറാഴ്ച ആരാധനയ്ക്കായി അവിടെ എത്തിയപ്പോൾ, പള്ളി പരിസരം വാഹനങ്ങളും ബഹളങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ആ ഇടവകയുടെ പട്ടക്കാരനായിരുന്നിട്ടും ഈ മാറ്റങ്ങളെക്കുറിച്ച് ഞാൻ തികച്ചും അജ്ഞനായിരുന്നു. കേരളത്തിലെ ആ പ്രമുഖ സഭയോട് ആ ഇടവക ലയിക്കുന്നത് അന്നായിരുന്നു. പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ച എന്നെ കമ്മിറ്റിക്കാർ തടഞ്ഞു. ആ പ്രമുഖ സഭയുടെ പട്ടക്കാരനായി തുടർന്നുപോകാൻ താല്പര്യമുണ്ടെങ്കിൽ മാത്രം പ്രവേശിച്ചാൽ മതിയെന്ന് അവർ ഉപാധി വെച്ചു. എന്നാൽ എന്നെ നിയമിച്ച സഭയോട്(LMS,Tamil) നീതി പുലർത്തണമെന്ന ബോധ്യത്തോടെ, ഒന്നുമില്ലാത്തവനായി ഞാൻ പടിയിറങ്ങി. ഇതായിരുന്നു എന്റെ മൂന്നാം അനുഭവം.
വീണ്ടും എന്റെ മാതൃസഭയിൽ പ്രവേശിക്കാൻ എന്നോട് അല്പം കൂടെ കാത്തിരിക്കാൻ അധികാരികൾ നിർദ്ദേശിച്ചു. ആ കാലയളവിൽ ദൈവവേലയിൽ നിന്നും വിട്ടുനിൽക്കരുത് എന്ന ആഗ്രഹത്തോടെ ECI-യിൽ താൽക്കാലികമായി ചേർന്നു. എന്നാൽ "പാപി ചെല്ലുന്നിടം പാതാളം" എന്ന് പറയും പോലെ അവിടെയും പ്രതിസന്ധികൾ കാത്തിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ പള്ളിയോട് ചേർന്ന് കിടന്ന രണ്ട് ഏക്കർ സ്ഥലം ഡയോസിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലായി. അവിടെയും പട്ടക്കാരൻ വീണ്ടും ബലിയാടായി. ഇടവകയിലെ ഒരു ശക്തമായ വിഭാഗം, നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ബിഷപ്പിനോടുള്ള പ്രതിഷേധം തീർക്കാൻ എന്നെ ലക്ഷ്യം വച്ചു.
ഫെബ്രുവരി മാസത്തിലെ ആ ഞായർ ആരാധന വളരെ ശാന്തമായിരുന്നു. എല്ലാവരും എന്റെ പ്രസംഗത്തെ ശ്രദ്ധിച്ചിരുന്നു. വളരെ സന്തോഷവും നിറവും തോന്നി.എന്നാൽ ആരാധന കഴിഞ്ഞതും അന്തരീക്ഷം മാറി. സ്തോത്രകാഴ്ച പാത്രം അവർ കൈക്കലാക്കി. എന്റെ മുറിയിൽ കയറി പരിശോധന നടത്തുകയും എന്റെ വസ്ത്രങ്ങളും മറ്റും വലിച്ചെറിയുകയും ചെയ്തു. പള്ളിയും പാഴ്സനേജും പൂട്ടി എന്നെ ബലമായി പുറത്താക്കി. കൈയ്യിൽ പത്തു പൈസ പോലുമില്ലാതെ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, രണ്ട് മണിക്കൂറോളം ആൾക്കൂട്ടത്തിന്റെ വിസ്താരത്തിന് മുന്നിൽ എനിക്ക് നിൽക്കേണ്ടി വന്നു.അവർ എന്നെ നിഷ്കരുണം വിസ്തരിച്ചു.കർത്താവിനു പോലും വിസ്താരവേളയിൽ ഇത്രയും വലിയ അപമാനം നേരിട്ടിട്ടുണ്ടാകില്ല. ആ സമയത്ത് ഞാൻ തീവ്രമായ ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും (Anxiety & Depression) ചികിത്സയിലായിരുന്നു എന്നത് ആ വേദനയുടെ ആഴം കൂട്ടി. ഇതായിരുന്നു നാലാം അനുഭവം.
ഡയോസിസിന്റെ ഇടപെടലിലൂടെ അന്ന് രാത്രി തന്നെ ഞാൻ തിരികെ കയറി. എന്നാൽ അഞ്ചാമത്തെ പള്ളിഭ്രഷ്ട് അതിക്രൂരമായിരുന്നു. ജൂൺ മാസത്തിലെ ഒരു ഞായർ പ്രഭാതത്തിൽ എന്റെ വ്യക്തിപര പ്രാർഥനയിൽ ഞാൻ പാടിയ പാട്ട് "വൻ വിനകൾ വന്നീടുകിൽ " എന്നതാണ് . ആ വരികൾ പാടിയപ്പോൾ സാധാരണ കണ്ണീരു വരാത്ത ഞാൻ പൊട്ടി കരയുന്ന അവസ്ഥ ഉണ്ടായി. വലിയ ഒരു പ്രയാസം മുന്നിൽ ഉണ്ടെന്നുള്ള കാര്യം അതിനാൽ എനിക്ക് ഉറപ്പായി.
അന്നത്തെ ആരാധനാ മദ്ധ്യേ ആ പഴയ ആൾക്കാർ തന്നെ ആരാധനയിലേക്ക് ഇരച്ചു കയറി. ഇടവകയെ അവർ കൈവശപെടുത്തുന്നു എന്ന് മിനിട്സ് വായിച്ചു. എന്നോട് എന്റെ 'അവസാന പ്രസംഗം' നടത്താൻ ആജ്ഞാപിച്ചു. ലഭിച്ച അവസരം ഉപയോഗിച്ച് ഞാൻ പ്രസംഗിച്ചു. അവർ ചെയ്യുന്നതിന്റെ തെറ്റു വലിയ ദേഷ്യം കൂടാതെ ഞാൻ പറഞ്ഞൊപ്പിച്ചു.അന്നത്തെ കുഞ്ഞു കുഞ്ഞു മൊബൈൽ ഫോണുകളിൽ അവർ എന്റെ 'അവസാന പ്രസംഗം' റെക്കോർഡ് ചെയ്തു. എന്റെ ബാഗ് പോലും എടുക്കാൻ അനുവദിക്കാതെ വളരെ അപമാനിച്ച് പടിയിറക്കി വിട്ടു.അഞ്ചാം അനുഭവം.
കുറ്റം ഇല്ലാതെ സമാന കഷ്ടതകൾ അനുഭവിക്കുന്ന ദൈവ ദാസന്മാർ ധാരാളം ഉണ്ട്.സത്യം ആയും ഈ പ്രാവശ്യങ്ങളിൽ ഒന്നും മിനിസ്ട്രി ഉപേക്ഷിക്കാൻ തോന്നിയതേ ഇല്ല. എന്നെ ഇറക്കി വിട്ടവർക്ക് തിന്മ വരുന്നതും നോക്കിയില്ല. എന്റെ കാരണത്താൽ ആരെങ്കിലും തിന്മ അനുഭവിച്ചാൽ എന്റെ അഭിഷേക കുറവ് എന്നാണ് എന്റെ കാഴ്ചപ്പാട്.
ഒരു വർഷത്തിന് ശേഷം എന്റെ മാതൃസഭ എന്നോട് കരുണ കാണിക്കുകയും എന്റെ രാജി റദ്ദാക്കി പുനർനിയമനം നൽകുകയും ചെയ്തു.
സത്യത്തിനും നീതിക്കും വേണ്ടി ഞാൻ സ്വയം പടിയിറങ്ങിയ ആ ഒരു ഇടവകയൊഴികെ, മറ്റെല്ലാ ഇടവകകളിലും സമാധാനമായി വീണ്ടും ശുശ്രൂഷകൾ തുടരാൻ എന്റെ ദൈവം എന്നെ സഹായിച്ചിട്ടുമുണ്ട്.
ദൈവം വിശ്വസ്തനാണ് എന്ന് സമാന പ്രയാസങ്ങളിലൂടെ പോകുന്നവർ അറിയാനും ഒരു കണക്കിന് ഒരു രേഖയായി കിടക്കുന്നതിനും വേണ്ടിയാണ് ഈ സാക്ഷ്യ കുറുപ്പ്.
(റവ. ക്രിസ്റ്റഫർ ഷാബു, രാജാക്കാട് )
പ്രിയപ്പെട്ട അച്ഛന് ദൈവനാമത്തിൽ വന്ദനം. അങ്ങയുടെ ബ്ലോഗ് വായിച്ചപ്പോൾ വളരെയധികം സങ്കടവും എന്നാൽ വളരെ അധികം സന്തോഷം തോന്നി ദൈവം ഇത്രയും അധികമായി അങ്ങയെ ഉപയോഗിച്ചതിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. അങ്ങ് ബ്ലോഗിൽ മെൻഷൻ ചെയ്തിരുന്ന ഈസിയായി കല്ലാർ ഇടവകയിലെ നിലവിലുള്ള വികാരിയാണ് ഞാൻ അതുകൊണ്ടുതന്നെ അങ്ങയുടെ ബ്ലോഗിന് ഒരു സാക്ഷിയായി എനിക്കും ചിലത് പറയുവാൻ ഉണ്ട് ഇന്ന് ഇടവകയായി ഞങ്ങൾ ഇവിടെ അനുഭവിക്കുന്ന സകല സന്തോഷത്തിനും വലിയ ഒരു കാരണം അങ്ങയുടെ സഹനമായിരുന്നു. അറിയാവുന്നതുപോലെ ഈ ECI kallar parish നു ഇവിടെ അല്പമല്ലാത്ത ആസ്തിയും സ്വത്തും ഉണ്ട് ഇപ്പോൾ നിലവിൽ കല്ലാറിലുള്ള പ്രോപ്പർട്ടിയുടെയും രണ്ടാം മേലിൽ ഉള്ള പ്രോപ്പർട്ടിയുടെയും കസ്റ്റഡിയൻ ഞാനാണ്, പത്രമാധ്യമങ്ങളിൽ വരെ വാർത്തയായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് അങ്ങയുടെ അങ്ങനെ അനുഭവിച്ച ഈ വേദനകൾ. എന്നാൽ ഇടവക ജനങ്ങൾ ഭൂരിഭാഗവും ഒന്നെടുക്ക് പറയുന്നു അച്ഛൻറെ സഹനത്തിന്റെ ഫലമാണ് ഇന്ന് ഇടവകയായി ഞങ്ങൾ അനുഭവിക്കുന്ന ഈ സമാധാനവും സന്തോഷവും കേരള കന്യാകുമാരി മഹാ ഇടവകയുടെ ഡയോസിഷൻ ബിഷപ്പും കൗൺസിലും തോറ്റ സ്ഥലത്ത് അങ്ങ് ഒറ്റയ്ക്ക് ഇതിന് എതിരെ പോരാടി വിജയം വരിച്ച ആളാണ് എന്ന് അഭിമാനത്തോടെ ഇന്നും ഇടവക ജനങ്ങൾ ഓർക്കുന്നു വൈദികനായി പള്ളിയിൽ ഇരിക്കുക മാത്രമല്ല അങ്ങ് വൈദികനായി സമൂഹത്തോടും സഭയോടുള്ള മറ്റു തരത്തിലുള്ള എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി ചെയ്യുന്ന വ്യക്തിയാണ് എന്ന് എല്ലാവരും ഒന്നിച്ച് പറയുന്ന ഒരു കാര്യമാണ് അതിനാൽ എൻറെ ഇടവകയുടെ മുൻ വികാരി എന്ന നിലയിൽ അങ്ങയെ കുറിച്ച് ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു
ReplyDelete